കോഴിക്കോട്: വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണ് യുവാവ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദനന്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്.
വ്യൂ പോയിന്റിൽനിന്നുള്ള വീഴ്ചയ്ക്കിടെ ജിതിന്റെ കഴുത്തിൽ കമ്പ് തറച്ചുകയറുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുലർച്ചെ അഞ്ചരയോടെയാണ് വ്യൂ പോയിന്റിൽനിന്നു യുവാവ് വീണതായി പോലീസിനു വിവരം ലഭിക്കുന്നത്. പോലീസ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലേക്കു മാറ്റിയത്.
സംഭവത്തിൽ കരിപ്പൂർ പോലീസ് അന്വേഷണം നടത്തി വരികയാണ്. അപകടസാധ്യത ഉള്ളതിനാൽ ഇവിടെ പോലീസ് നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.